മോസ്കോ: യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ. യുക്രൈനിലെ സംഘർഷം പരിഹരിക്കുന്നതിനായി കീവിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും റഷ്യ പറഞ്ഞു. “ചില പുരോഗതി ഉണ്ടായിട്ടുണ്ട്,”- കീവുമായുള്ള മൂന്ന് റൗണ്ട് ചർച്ചകളെ പരാമർശിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ റഷ്യൻ സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും അവർ വ്യക്തമാക്കി.
അതേസമയം, സമാധാനം കൈവരിക്കുന്നതിനായി റഷ്യയുമായി അടുത്ത റൗണ്ട് ചർച്ചകൾക്ക് യുക്രൈൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രൈനിന്റെ ഭാഗത്തു നിന്നും അനുനയ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റഷ്യയെ ചൊടിപ്പിച്ച പ്രധാന കാരണങ്ങളിൽ ഒന്നായ നാറ്റോ അംഗത്വത്തിൽ നിന്ന് യുക്രൈൻ പിൻമാറുന്നു എന്ന തരത്തിലാണ് സെലെൻസ്കി പ്രസ്താവന നടത്തിയത്. നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി സമ്മർദ്ദം ചെലുത്തില്ലെന്ന് സെലെൻസ്കി പറഞ്ഞു. പിരിഞ്ഞുപോയ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ ‘ഒരു വിട്ടുവീഴ്ചക്ക്’ തയ്യാറാണെന്നും റഷ്യയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കമെന്ന തരത്തിൽ സെലെൻസ്കി പറഞ്ഞു.
“യുക്രൈനെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ല. ഇക്കാര്യം മനസിലാക്കിയതിന് ശേഷം ഞങ്ങൾ അക്കാര്യത്തിൽ ശാന്തരായി. വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും നാറ്റോ സഖ്യം ഭയപ്പെടുന്നു,” തിങ്കളാഴ്ച രാത്രി എബിസി ന്യൂസിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു.
എന്തിനെങ്കിലും വേണ്ടി മുട്ടുകുത്തി നിന്ന് യാചിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് ആയിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും നാറ്റോ അംഗത്വത്തെ പരാമർശിച്ച് സെലെൻസ്കി പറഞ്ഞു.
Most Read: യുദ്ധം തടസമായില്ല; ക്ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം







































