പട്ന: ലോക് ജനശക്തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് ജാവദേക്കറിന്റെ പ്രസ്താവന.
എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോയി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുന്ന എൽജെപി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പുകഴ്ത്തിയും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ വിമർശിച്ചും സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപിയുമായി എൽജെപിക്ക് രഹസ്യ സഖ്യമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ പാശ്ചാത്തലത്തിലാണ് പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
“ഞങ്ങൾക്ക് എൽജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ രാഷ്ട്രീയം ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. വോട്ട് ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമം, ബിഹാർ തെരഞ്ഞെടുപ്പിൽ എൽജെപിക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കില്ല. ബിജെപിക്ക് ബി,സി,ഡി ടീം ഇല്ല,”- പ്രകാശ് ജാവദേക്കർ പറഞ്ഞു.
Related News: നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ
ബിജെപി, ജെഡിയു, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), വികാശീൽ ഇൻസാൻ പാർട്ടി എന്നീ പാർട്ടികളുടെ സഖ്യം ബിഹാറിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ജെഡിയുവിനെതിരെ ഒറ്റക്ക് മൽസരിക്കാൻ എൽജെപി തീരുമാനിച്ചത്. നിതീഷ് കുമാറിനെതിരെ കഴിഞ്ഞദിവസം ചിരാഗ് പാസ്വാൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 2005നു ശേഷം ഒരിക്കൽ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മൽസരിച്ചിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുമായി നിതീഷ് കുമാറിന് നേരിട്ട് ബന്ധമില്ലെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചിരുന്നു.
Also Read: ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി







































