തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ‘ആര്‍സി ബ്രിഗേഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫിസ്. രമേശ് ചെന്നിത്തലയുടെ അറിവോടെയോ സമ്മതത്തോടെയോ ഒരു ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തലയുടെ ഓഫിസ് വ്യക്തമാക്കി.
ഡിസിസി പട്ടിക ഇറങ്ങിയാലുടന്‍ ശക്തമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണം. അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തല വരെ ആര്‍സി ബ്രിഗേഡ് എന്ന ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ട്.
‘ഡിസിസി പ്രസിഡണ്ടാകാൻ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’,’ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ് ആര്‍സി ബ്രിഗേഡിന്റെ അഡ്മിൻമാർ. ഹബീബ് ഖാന്, അഡ്വ. ഫവാജ് പാത്തൂര്‍, ധനസുമോദ്, സുബോധ് തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിൻമാർ. ‘ഡിസിസി പ്രസിഡണ്ടാകാൻ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ എല്ലാ ജില്ലയിലും ഇളക്കിവിടണമെന്ന്’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം എംഎ സിദ്ധീഖ് ഗ്രൂപ്പില്‍ പറയുന്നുണ്ട്.
Most Read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലര്‍ട്






































