വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ മൃഗചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാൽ ഉൽപാദനത്തിനും കന്നുകാലി വളർത്തലിലും മുൻപന്തിയിൽ നിൽക്കുന്ന പുൽപ്പള്ളി മേഖലയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു മൃഗാശുപത്രി പോലും ഇല്ലെന്നുള്ളത് ക്ഷീര കർഷകരെ പോലും നട്ടംതിരിക്കുകയാണ്. നിലവിൽ പരിമിതമായ സൗകര്യത്തോടെ പ്രവർത്തിക്കുന്ന പുൽപ്പള്ളി താഴെയങ്ങാടി മൃഗാശുപത്രിയെയാണ് ഇവർ ആശ്രയിക്കുന്നത്.
കൃഷി ഭവൻ ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് താഴെയങ്ങാടി മൃഗാശുപത്രിയും ഉള്ളത്. തിരക്കേറിയ ഈ സ്ഥലത്താണ് വളർത്തു മൃഗങ്ങളുമായി ചികിൽസയ്ക്ക് എത്തേണ്ടത്. പരിമിതമായ സൗകര്യത്തിലാണിപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന കർഷകരും കന്നുകാലികളും വട്ടം കറങ്ങുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ദിവസവും നൂറുകണക്കിന് കർഷകരെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യത്തെ പോലും ഇല്ലെന്നും പരാതി ഉണ്ട്.
പകർച്ച വ്യാധികളുള്ള മൃഗങ്ങളുമായി ഇവിടെ ചികിൽസയ്ക്ക് എത്തുന്നവർ മണിക്കൂറുകളോളമാണ് അവയുമായി കാത്തുനിൽക്കുന്നത്. മൃഗങ്ങളെ കിടത്തി ചികിൽസിക്കാനുള്ള മേശകളോ, സ്ഥല സൗകര്യമോ ഇല്ല. കൂടാതെ, ആശുപത്രിക്കുള്ളിൽ മരുന്നും ഫയലുകളും സൂക്ഷിക്കാനും ഇടമില്ല. എത്തിപ്പെടാൻ സൗകര്യം എന്ന നിലയിലും മരുന്നിന്റെ ലഭ്യതയും അനുസരിച്ച് നിരവധിപേരാണ് ഇവിടെ എത്താറുള്ളത്.
പുൽപ്പള്ളിയിൽ സ്ഥല സൗകര്യങ്ങൾ ഉൾപ്പടെ ആധുനിക ചികിൽസാ സംവിധാനത്തോടെയുള്ള മൃഗാശുപത്രി വേണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. നിലവിൽ ഇരുളം, പുൽപ്പള്ളി, കേണിച്ചിറ, പാടിച്ചിറ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികൾ ഉള്ളത്. ഈ മേഖലകളിൽനിന്നുപോലും ആളുകൾ മൃഗങ്ങളുമായി പുൽപ്പള്ളിയിലെത്താറുണ്ട്. അതിനാൽ, പുൽപ്പള്ളി മൃഗാശുപത്രിയിൽ മതിയായ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി








































