കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച സ്‌റ്റാഫ് നഴ്‌സുമാരെ പിരിച്ചു വിട്ടിട്ട് ഇപ്പോൾ 8 ദിവസം കഴിഞ്ഞു. ഇതിന് പകരമായി പുതിയ നഴ്‌സുമാരെ നിയമിക്കുന്ന കാര്യം ഇപ്പോഴും അനിശ്‌ചിതത്വത്തിൽ തുടരുകയാണ്.
ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെ 8, 9 വാർഡുകളിൽ ഒരു സ്‌റ്റാഫ് നഴ്‌സിനെയാണ് നിയമിച്ചിട്ടുള്ളത്. ഇതോടെ നൂറോളം രോഗികളെ പരിചരിക്കാൻ ഇപ്പോൾ ഒരു നഴ്‌സ് മാത്രമുള്ള അവസ്‌ഥയാണ്. നിലവിൽ മിക്ക വാർഡുകളും നിറഞ്ഞ് വരാന്തകളിലും രോഗികൾ തിങ്ങി നിറയുന്ന സ്‌ഥിതിയാണ്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് നഴ്‌സുമാർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
മാതൃ-ശിശു സംരക്ഷണ ബ്ളോക്കിലും ആവശ്യത്തിന് നഴ്‌സുമാർ ഇല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ഇവിടെ 3 ഷിഫ്റ്റുകളിലായി ചുരുങ്ങിയത് 45 നഴ്‌സുമാരാണ് ആവശ്യമായി വരുന്നത്. എന്നാൽ ശരാശരി 31 നഴ്‌സുമാരെ മാത്രമേ ഇവിടെ ലഭിക്കാറുള്ളൂ. കോവിഡ് ബ്രിഗേഡ് മുഖേന നിയമിച്ച നഴ്‌സുമാരെ പിരിച്ചു വിട്ടതോടെ വലിയ രീതിയിലുള്ള പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്.
Read also: അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്




































