തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ശക്‌തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തിര ചികിൽസാ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
മിക്ക ആശുപത്രികളിലും ശസ്‌ത്രക്രിയകൾ ഉൾപ്പടെ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്‌ചാർജ് ചെയ്‌തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് കൂടുതലും രോഗികൾ എത്തുന്നത്. ഇതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയാകുന്ന രീതിയിലേക്ക് സമരം മാറുകയാണ്.
ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട് എന്നിവ പൂർണമായും നടപ്പിക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്‌കെയിൽ നടപ്പിലാക്കുക, എൻഎച്ച്‌എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്‌പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പാക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.
Most Read| ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം






































