തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിട്ടുണ്ടെന്നും അല്ലാതെ വേറൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ സിറ്റിങ് എംഎൽഎ ഒ രാജഗോപാൽ. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തോട് ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം.
രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രക്കുന്നുണ്ടെന്നും അതിനായി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് കെ മുരളീധരന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏർപ്പാടല്ലെന്ന് ആയിരുന്നു രാജഗോപാലിന്റെ മറുപടി.
പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലം കൂടിയാണ് നേമം. നിർണായകമായ പോളിങ് ദിവസം രാജഗോപാലിന്റെ തണുപ്പൻ മട്ടിലുള്ള പ്രതികരണം ശ്രദ്ധ നേടുന്നുണ്ട്.
Also Read: ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി







































