ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി ഒഡീഷ സംസ്ഥാനം. ഡാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ്, മുൻകരുതൽ നടപടികൾ സർക്കാർ വേഗത്തിലാക്കിയത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി പുരിക്കും സാഗർ ദ്വീപിനും ഇടയിലൂടെയാണ് വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങളിലൂടെ കടന്നുപോവുക.
ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, ജഗൽസിങ്പുർ, പുരി തുടങ്ങിയ ജില്ലകളിൽ ചുഴലിക്കാറ്റ് വലിയ ആഘാതം ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കളക്ടർമാരായിരിക്കെ ചുഴലിക്കാറ്റ് ദുരന്തം നേരിട്ടുപരിചയമുള്ള ആറ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ ഈ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
ചഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ അവധി നൽകി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 200 ട്രെയിനുകൾ റദ്ദാക്കി. അപകടസാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ മാറ്റിപാർപ്പിക്കുന്നതിനാണ് മുൻഗണന. 800ലേറെ വിവിധോദ്ദേശ്യ ഷെൽട്ടറുകൾക്ക് പുറമെ സ്കൂൾ, കോളേജ് കെട്ടിടങ്ങളിലായി 500 താൽക്കാലിക ക്യാമ്പുകളും ഒരുക്കിയതായി റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. എല്ലാ എംഎൽഎമാരും അവരവരുടെ നിയോജക മണ്ഡലങ്ങളിൽ തുടരണമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആവശ്യപ്പെട്ടു.
ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ പത്ത് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ അവധി റദ്ദാക്കി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് തിരികെ വിളിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് സഞ്ചാരികളും തീർഥാടകരും പുരിയിൽ നിന്ന് മടങ്ങുകയാണ്. എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!









































