പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. 33ആം പാരീസ് ഒളിമ്പിക്‌സിന്റെ ഉൽഘാടനം ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ആരംഭിക്കും. ഓഗസ്‌റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്. ഉൽഘാടന ദിവസമായ ഇന്ന് മൽസരങ്ങൾ ഇല്ല. ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ് നഗരം.
മുൻപ് 1900ലും 1924ലും പാരിസ് നഗരം ഒളിമ്പിക്‌സിന് വേദിയൊരുക്കി. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങൾ നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഒളിമ്പിക്‌സ് എന്ന വികാരത്തെ ആവേശത്തോടെ വരവേൽക്കാനുറച്ച് തന്നെയാണ് ഒരുക്കം. ചരിത്രത്തിലാദ്യമായി സ്‌റ്റേഡിയത്തിന് പുറത്താണ് ഉൽഘാടന ചടങ്ങ്.
സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാർച്ച്‌പാസ്‌റ്റ്. ഐഫൻ ടവറിന് മുന്നിൽ സെൻ നദിക്കരയിലുള്ള ട്രോക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്‌റ്റ് അവസാനിക്കും. ഒളിമ്പിക് ദീപം തെളിയുന്നത് അവിടെയാണ്. അതേസമയം, ദീപം തെളിച്ച് ഒളിമ്പിക്‌സിന് തുടക്കം കുറിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഉൽഘാടന ചടങ്ങിലെ കലാപരിപാടികളും സംഘാടകർ സസ്‌പെൻസ് ആക്കി നിർത്തിയിരിക്കുകയാണ്.
70 പുരുഷ അത്‌ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണ് പാരിസിൽ ഇന്ത്യക്കായി മൽസരിക്കുന്നത്. അത്‌ലിറ്റിക്‌സിലാണ് ഏറ്റവും വലിയ സംഘം. 29 പേർ. ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടു പിന്നിലുണ്ട്. ഇന്ത്യൻ സംഘത്തിലാകെ ഏഴ് മലയാളികളുണ്ട്. അത്‌ലറ്റിക്‌സിൽ അഞ്ചുപേർ. വൈ. മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്‌ദുല്ല അബൂബക്കർ, ഹോക്കിയിൽ പിആർ ശ്രീജേഷും ബാഡ്‌മിൻഡണിൽ എച്ച്‌എസ് പ്രണോയിയും ഇന്ത്യൻ ജഴ്‌സിയിൽ ഇറങ്ങും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി