മസ്ക്കറ്റ്: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് അംഗീകാരം നൽകി ഒമാൻ. ഇതോടെ കൊവാക്സിന്റെ രണ്ട് ഡോസ് എടുത്ത ശേഷം ഒമാനിൽ എത്തുന്ന ആളുകൾക്ക് ഇനിമുതൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഇത് സംബന്ധിച്ച വിജ്ഞാപനം ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവാക്സിൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയ ശേഷം ഒമാനിൽ എത്തുന്നവർക്കാണ് ക്വാറന്റെയ്നിൽ ഇളവ് നൽകുന്നത്. അതേസമയം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് മാത്രമാണ് ഇതുവരെ ഒമാൻ അംഗീകാരം നൽകിയിരുന്നുള്ളു. അതിനാൽ തന്നെ കൊവാക്സിൻ എടുത്ത ശേഷം ഒമാനിൽ എത്തുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമായിരുന്നു. കൊവാക്സിന് ഒമാനിൽ അംഗീകാരം ലഭിച്ചതോടെ ഇന്ത്യയിൽ നിന്നും എത്തുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
Read also: സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി







































