മസ്‌കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി). ഡിസംബർ 31 വരെ സമയം അനുവദിച്ചതായി പോലീസ് വ്യക്‌തമാക്കി.
നേരത്തെ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. ഈ ആനുകൂല്യം വിദേശികൾ ഉപയോഗപ്പെടുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. ഹിന്ദി ഉൾപ്പടെ ഭാഷകളിൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക.
ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം തേടി വ്യക്‌തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. അധികമായി അനുവദിച്ച സമയത്തിനുള്ളിൽ രേഖകൾ ശരിപ്പെടുത്തി അടുത്ത രണ്ടുവർഷത്തേക്ക് തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ പുതുക്കാൻ കഴിയും.
എന്നാൽ, തൊഴിലുടമ ഒരു തൊഴിലാളിയുടെ സേവനങ്ങൾ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നൽകാനും സാധിക്കും. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടും. കൂടാതെ, 2017ലും അതിന് മുൻപും രജിസ്‌റ്റർ ചെയ്‌ത കുടിശികകൾ അടക്കുന്നതിൽ നിന്ന് വ്യക്‌തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുമുണ്ട്.
പത്ത് വർഷമായി പ്രവർത്തനരഹിതമായിരുന്ന ലേബർ കാർഡുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ കാലയളവിൽ കാർഡ് ഉടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. ലിക്വിഡേറ്റ് ചെയ്‌ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റു കക്ഷികൾക്ക് കൈമാറുകയോ ചെയ്‌താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































