ന്യൂഡെൽഹി: ഒമൈക്രോണ്‍ നിശബ്ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കവേ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
നിങ്ങൾക്കറിയാമോ, ഒമൈക്രോൺ നിശബ്ദനായ കൊലയാളിയാണ്. ആദ്യ തരംഗത്തിൽ എനിക്കും രോഗം ബാധിച്ചിരുന്നു. പക്ഷേ നാലു ദിവസത്തിനകം രോഗമുക്തനായി. ഇപ്പോൾ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുകയാണ്; ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗാണ് കോടതി നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന നടത്തിയത്.
ആഴ്ചയിൽ രണ്ടു തവണ മാത്രമാണു നിലവിൽ കോടതി നേരിട്ടു വാദം കേള്‍ക്കുന്നത്. ബാക്കി ദിവസങ്ങളിൽ ഓൺലൈനായാണ് കോടതിയുടെ പ്രവർത്തനം. 15,000 കോവിഡ് കേസുകളുടെ വർധനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ ഒമൈക്രോൺ തീവ്രത കുറഞ്ഞെന്ന് വികാസ് സിംഗ് മറുപടി നൽകി.
രാജ്യത്ത് കൂടുതൽ പേർ രോഗമുക്തി നേടുന്നുണ്ടെന്നും വികാസ് സിംഗ് സുപ്രീം കോടതിയിൽ അറിയിച്ചു. വിഷയം ഗൗരവമായി ആലോചിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. നേരത്തെ ജനുവരി മാസം സുപ്രീം കോടതിയിൽ കോവിഡ് പടർന്നു പിടിച്ചിരുന്നു. 10 ജഡ്ജിമാർ കോവിഡ് ബാധിതരാകുകയും, ജീവനക്കാർക്കിടയിലെ രോഗ സ്ഥിരീകരണ നിരക്ക് 30 ശതമാനമായി ഉയരുകയും ചെയ്തിരുന്നു.
Read Also: മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്കാരം വൈകിട്ട്






































