കൊച്ചി: ഗുണ്ടാ നേതാവ് കെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മറ്റു സിനിമാ താരങ്ങൾ ആരും ഹോട്ടലിൽ വന്നതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് കേസിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്‌തമാക്കി. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഇരുവരെയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും മരട് പോലീസ് ചോദ്യം ചെയ്‌തത്.
കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്‌റ്റിലായിരുന്നു. ഈ ഹോട്ടലിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും അന്നേ ദിവസം എത്തിയത് മൂലമാണ് കേസ് അന്വേഷണം താരങ്ങളിലേക്ക് നീണ്ടത്. എന്നാൽ, ഓംപ്രകാശിനെ കുറിച്ചും ലഹരി പാർട്ടിയെ കുറിച്ചും അറിയാതെയാണ് ഹോട്ടലിൽ എത്തിയതെന്നാണ് പ്രയാഗയുടെ മൊഴി.
പ്രയാഗ അടക്കം പോലീസ് ചോദ്യം ചെയ്‌ത പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പോലീസിന് നൽകിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രീനാഥ് ഭാസിയും പ്രയാഗയും രക്‌ത പരിശോധനക്ക് തയ്യാറായിരുന്നെങ്കിലും പോലീസ് ഇത് ഒഴിവാക്കി. അതേസമയം, കൊച്ചിയിൽ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്‌ഥലങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വൻകിട ലഹരിക്കച്ചവടങ്ങൾക്കും പാർട്ടികൾക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മുറിയെടുക്കാറുള്ളത്. ഇവർക്ക് സ്വാധീനമുള്ള ആഡംബര ഫ്ളാറ്റുകളിലാണ് സാധാരണ ദിവസങ്ങളിൽ ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നത്.
ഇതിൽ നിന്ന് ലഭിക്കുന്ന തുകയുടെ പത്ത് മുതൽ 20 ശതമാനം വരെ പാർപ്പിട സമുച്ചയ അസോസിയേഷൻ ഭാരവാഹികൾക്ക് കപ്പം നൽകിയാണ് ഇവർ നിശാപാർട്ടികൾക്ക് വേദിയൊരുക്കുന്നത്. ഇതിൽ രണ്ടിടങ്ങളിൽ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്‌ക്കും ഫ്‌ളാറ്റുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡാൻസാഫ് സംഘത്തിനാണ് ഓം പ്രകാശുമായി ബന്ധപ്പെട്ട് ചില ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ച പോലീസെത്തി കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ നിന്ന് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാല് ലിറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള ചില അവശിഷ്‌ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
Most Read| സംസ്‌ഥാനത്ത് തുലാമഴ ശക്‌തം; ഇന്ന് ആറുജില്ലകളിൽ യെല്ലോ അലർട്








































