കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് നടന്ന വിൽപനയിൽ വൻ കുതിപ്പുമായി മിൽമ. തിരുവോണമുൾപ്പടെ നാല് ദിവസങ്ങളിലായി 36.38 ലക്ഷം ലിറ്റർ പാലും 6.31 ലക്ഷം ലിറ്റർ തൈരുമാണ് മിൽമ മലബാർ മേഖലാ യൂണിയൻ വിറ്റഴിച്ചത്. ഉത്രാടദിനത്തിൽ മാത്രം 13.95 ലക്ഷം ലിറ്റർ പാലാണ് വിൽപന നടത്തിയത്.
ഒരു ദിവസം ഇത്രയും പാൽ വിൽക്കുന്നത് മിൽമ മലബാർ മേഖലാ യൂണിയന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് ചെയർമാൻ കെഎസ് മണി, മാനേജിങ് ഡയറക്‌ടർ ഡോ. പി മുരളി എന്നിവർ അറിയിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും വിൽപനയിൽ റെക്കോർഡ് വർധനവാണ് മിൽമയ്‌ക്ക് ഈ വർഷം ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് പാൽ വിൽപനയിൽ പത്തു ശതമാനവും തൈര് വിൽപനയിൽ ഒരു ശതമാനവുമാണ് വർധനവുണ്ടായത്.
ഇത് കൂടാതെ 341 മെട്രിക് ടൺ നെയ്യും 88 മെട്രിക് ടൺ പാലടയും 34 മെട്രിക് ടൺ പേഡയും വിൽപന നടത്തിയിട്ടുണ്ട്. അതേസമയം, സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ 50 മില്ലിഗ്രാം വീതമുള്ള 43 ലക്ഷം നെയ് കുപ്പികളാണ് മലബാർ മേഖലാ യൂണിയൻ നൽകിയത്. കൂടാതെ, കായികവകുപ്പുമായി സഹകരിച്ച് സംസ്‌ഥാനത്തെ 1,700 കായിക വിദ്യാർഥികൾക്ക് മിൽമ ഉൽപന്നങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റും വിതരണം ചെയ്‌തിട്ടുണ്ട്.
Read Also: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ








































