ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനം. ഒരു മീറ്റർ വരെ ഷട്ടർ ഉയർത്താനാണ് നിലവിലെ തീരുമാനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 2,400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒരു ഷട്ടർ കൂടി തുറക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2,399.88 അടിയായി ഉയർന്നിട്ടുണ്ട്.
കൂടുതൽ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ചെറുതോണി, പെരിയാർ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റൂൾ കമ്മിറ്റി ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.
കൂടാതെ നിലവിൽ തുറന്നിട്ടുള്ള ഷട്ടർ 40 സെന്റീമീറ്ററിൽ നിന്നും 80 സെന്റീമീറ്റർ ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നതാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കാൻ കാരണം.
Read also: സഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ പക; എഫ്ഐആർ







































