ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) ബില്ല് നാളെ ലോക്‌സഭയിൽ അവതരിപ്പിക്കില്ല. ലോക്‌സഭയുടെ റിവൈസ്‌ഡ് ലിസ്‌റ്റിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബില്ല് പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
നാളെ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വിവരം. സെപ്‌തംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭാ യോഗവും അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്‌ത പാർലമെന്ററി സമിതിക്ക് വിടാൻ തയാറാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
സംസ്‌ഥാന നിയമസഭാ സ്‌പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചനയുണ്ട്. ബില്ല് ഭരണഘടനാ വിരുദ്ധമെന്നും, ഫെഡറൽ വ്യവസ്‌ഥയെ തകർക്കുന്നത് എന്നതടക്കം ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. ആദ്യഘത്തിൽ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകൾ കൂടി അതിൽ ഉൾപ്പെടുത്താനുമാണ് നീക്കം.
പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്‌ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതിയുടെ റിപ്പോർട്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് സംസ്‌ഥാന വിഷയം ആയതിനാൽ 50 ശതമാനം സംസ്‌ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും. 2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരും.
നാല് വർഷം, മൂന്ന് വർഷം, രണ്ട് വർഷം, ഒരുവർഷം എന്നിങ്ങനെയാകും നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കപ്പെടുക. ജാർഖണ്ഡ്, ബീഹാർ, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി നാല് വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷവും ആകേണ്ടിവരും.
മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി രണ്ട് വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ, എന്നീ സംസ്‌ഥാനങ്ങളുടേത് ഒരുവർഷമായും വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമുണ്ടാകും.
ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് മുൻ രാഷ്‍ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ സെപ്‌തംബറിൽ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി