വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്ക് ദുരിതം. ശാരീരിക അവശതയിൽ നിറവയറുമായി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തിയാലും ഡോക്ടറെ കാണാനാകാതെ മടങ്ങേണ്ട ഗതികേടിലാണ് ഗർഭിണികൾ. ആശുപത്രിയിൽ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുമാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വലിയ കെട്ടിടങ്ങൾ നിർമിച്ച് ഉൽഘാടനം ചെയ്തിട്ടും ചികിൽസ ലഭിക്കാതെ മടങ്ങേണ്ടി വരുന്നതിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് ആശുപത്രിയിൽ ഗൈനക്കോളജി ഒപി ഉള്ളത്. ഇതുമൂലം ഈ ദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വായനാട്ടുകാർക്ക് പുറമെ കർണാടക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ആളുകളും ചികിൽസ തേടി ഇവിടേക്ക് എത്തുന്നുണ്ട്. 200 നും 300 നും ഇടയിൽ കുറയാത്ത രോഗികളാണ് ഓരോ ഒപിയിലും എത്തുന്നത്.
ഇത്രയും പേരെ ഒരു ഡോക്ടർക്ക് പരിശോധിക്കാൻ കഴിയാത്തതിനാൽ ഒപി ടിക്കറ്റ് വിതരണത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. നിലവിൽ 50 രോഗികളെ മാത്രമാണ് ഒപിയിൽ പരിശോധിക്കുന്നത്. അതിനാൽ പലരും ചികിൽസ കിട്ടാതെ നിരാശരായി മടങ്ങുകയാണ്. പ്രശ്നം തുടങ്ങിയിട്ട് വർഷങ്ങളായി. രൂക്ഷമായപ്പോഴാണ് താൽക്കാലികമായി ഗൈനക്കോളജിസ്റ്റിനെ നിയമിച്ചത്. നിലവിൽ സ്ത്രീരോഗ വിഭാഗത്തിലുള്ളത് ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ്.
നൂറുകണക്കിന് രോഗികളെ പരിശോധിക്കാനും പ്രസവം എടുക്കാനും ശാസ്ത്രക്രിയക്കുമെല്ലാം ഈ ഒരാൾ വിശ്രമമില്ലാതെ ജോലി എടുക്കേണ്ട ഗതികേടിലാണ്. ഗൈനക്കോളജി വിഭാഗത്തിൽ ഒരു കൺസൾട്ടന്റ്, രണ്ട് ജൂനിയർ കൺസൾട്ടന്റ് തസ്തികയാണുള്ളത്. ഇതിൽ കൺസൾട്ടന്റ് തസ്തിക വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ആരെയെങ്കിലും ഈ തസ്തികയിലേക്ക് നിയമിച്ചാലും ഇവർ ഉടൻ സ്ഥലം മാറ്റം വാങ്ങി പോവുകയാണ് പതിവ്.
രണ്ട് ജൂനിയർ കൺസൾട്ടന്റ്മാരുള്ളതിൽ ഒരാൾ കോവിഡ് ബാധിച്ച് ഒന്നര മാസത്തോളമായി അവധിയിലാണ്. ഇതോടെയാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ അവതാളത്തിലായത്. അതേസമയം, അവധിയിലുള്ള ഡോക്ടർമാർ തിരിച്ചെത്തുന്ന മുറക്ക് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Most Read: പടക്ക നിർമാണശാലയിലെ സ്ഫോടനം; അന്വേഷണം ശക്തമാക്കി പോലീസ്








































