ചെന്നൈ: കഴിഞ്ഞയാഴ്ച ചെന്നൈയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ലൈംഗികാതിക്രമം നേരിട്ടതായി ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി പറയുന്നു. അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതമെന്നും പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കൾ സ്വന്തം ആൺകുട്ടികളെ പഠിപ്പിക്കണമെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ചെന്നൈ സ്കൂളിലെ 11ആം ക്ളാസ് വിദ്യാർഥിനി ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മങ്ങാടുള്ള വീട്ടിലെ മുറിയുടെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
‘ലൈംഗിക പീഡനം നിർത്തുക’ എന്ന തലക്കെട്ടിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. തനിക്ക് സംഭവിച്ച മാനസിക ആഘാതത്തെക്കുറിച്ച് പെൺകുട്ടി കത്തിൽ പറയുന്നു. സമൂഹത്തിൽ പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മക്കളെ പഠിപ്പിക്കണമെന്ന് പെൺകുട്ടി മാതാപിതാക്കളോട് അഭ്യർഥിച്ചു.
“എല്ലാ മാതാപിതാക്കളും പെൺകുട്ടികളെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയും അധ്യാപകരെയും വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമാണ് സുരക്ഷിതമായ ഇടം,”- കത്തിൽ പറയുന്നു.
സ്കൂളുകളോ ബന്ധു വീടുകളോ സുരക്ഷിതമല്ലെന്ന് പെൺകുട്ടി പറഞ്ഞു. മുൻപ് പഠിച്ച സ്കൂളിലെ ചിലർ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. സ്കൂൾ മാറിയിട്ടും പെൺകുട്ടിയെ ഉപദ്രവിക്കുന്നത് അവസാനിച്ചില്ലെന്നാണ് റിപ്പോർട്. ഈയിടെയായി പെൺകുട്ടി തങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു എന്ന് മരിച്ച പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ലൈംഗികാതിക്രമം അസഹനീയമായി വരികയാണെന്നും അതുമൂലം തനിക്ക് അതിയായ വേദനയുണ്ടെന്നും എന്നാൽ ആരും തന്നെ ആശ്വസിപ്പിച്ചില്ലെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ആവർത്തിച്ചുള്ള പേടി സ്വപ്നങ്ങളെക്കുറിച്ചും രാത്രി ഉറക്കം കിട്ടാത്തതിനെ കുറിച്ചും പെൺകുട്ടി പറഞ്ഞു.
കേസ് അന്വേഷണത്തിനായി പോലീസ് നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കോൾ രേഖയുടെ അടിസ്ഥാനത്തിൽ, അവളെ പതിവായി വിളിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
Most Read: രാഷ്ട്രീയ കൊലപാതകങ്ങൾ; എൻഐഎ വിവരങ്ങൾ തേടി






































