തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്‌തനായ സ്‌ഥാനാർഥിയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം തന്നെ കെ മുരളീധരനെ നേമം മണ്ഡലത്തിൽ ഉറപ്പിക്കാമോ എന്ന ചോദ്യത്തിന് സ്‌ഥാനാർഥി പ്രഖ്യാപനം വരട്ടെയെന്നും, നേരത്തേ നൽകിയാൽ ചിലപ്പോൾ തെറ്റിയെന്നിരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. നേമം മണ്ഡലത്തിൽ കെ മുരളീധരനെയാണ് ദേശീയ നേതൃത്വം നിലവിൽ പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തുവിടുക.
ശക്‌തമായ മൽസരം നടക്കാൻ പോകുന്ന നേമം മണ്ഡലത്തിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ തന്നെയായിരിക്കും മൽസരിപ്പിക്കുക എന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. തുടർന്ന് ഉമ്മൻ ചാണ്ടിയെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരിഗണിച്ചെങ്കിലും ഇരുവരും നേമത്തേക്ക് മൽസരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കെ മുരളീധരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളുടെ പേരുകൾ പരിഗണനയിൽ വന്നത്.
Read also : സേലത്ത് വൻ സ്വർണവേട്ട; 36 കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി