തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മൽസരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. കഴിഞ്ഞ 11 തവണയായി പുതുപ്പള്ളി മണ്ഡലത്തിലാണ് താൻ മൽസരിച്ചിട്ടുള്ളതെന്നും അവിടെ നിന്നും മാറാൻ താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇത്രയും നാൾ ഒരു സ്‌ഥലത്ത് തന്നെയാണ് മൽസരിച്ചത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
എന്നാൽ നേമം ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണെന്നും, അതിനാൽ തന്നെ ഏറ്റവും കരുത്തുറ്റ സ്‌ഥാനാർഥിയെ മാത്രമേ അവിടെ മൽസരിപ്പിക്കുകയുള്ളൂ എന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ വളരെ ഗൗരവമായാണ് നേമം മണ്ഡലത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്ന് വൈകിട്ടോടെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്‌തമാക്കിയിട്ടുള്ളത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതൃത്വം ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. നേമത്ത് മൽസരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇവർ തയ്യാറായില്ലെങ്കിൽ കെസി വേണുഗോപാൽ, ശശി തരൂർ, കെ മുരളീധരൻ എന്നിവരായിരിക്കും പരിഗണനയിൽ ഉണ്ടാകുക.
Read also : ഫ്ളയിങ് സ്‌ക്വാഡ്; ജില്ലയിൽ കർശന വാഹന പരിശോധന







































