തിരുവനന്തപുരം: ജനസാഗരങ്ങളുടെ കണ്ണീർക്കടലായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര. കരുതലും കരുണയും സ്നേഹവും കൊണ്ട് ജനഹൃദയങ്ങളെ തോളോട് ചേർത്ത, ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നലെ കേരളജനതയൊന്നാകെ ഉറക്കമൊഴിഞ്ഞു കാത്തുനിന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരുദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ന് പുലർച്ചെ 5.30തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ചിങ്ങവനത്തേക്ക് എത്തുന്നു. ഇന്നലെ രാവിലെ 7.15 ഓടെ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്ക് ശേഷം ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്നത്.
ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഉച്ച കഴിഞ്ഞു 3.30ന് ആണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. അതിനിടെ, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നെടുമ്പാശേരിയിൽ എത്തി. ഉച്ചക്ക് 12 മണിയോടെ രാഹുൽ പുതുപ്പള്ളിയിലേക്ക് തിരിക്കും.
Most Read: ‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്