തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പിടി തോമസും സഭയിൽ പറഞ്ഞു.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടി തടികള്‍ മുറിച്ച് കടത്തിയെന്ന് പറഞ്ഞ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതികള്‍ സ്വാധീനിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ തയ്യാറുണ്ടോ എന്നും ചോദിച്ചു. കരാര്‍ ഏറ്റെടുത്ത ഹംസയുടെ വെളിപ്പെടുത്തല്‍ ഗൗരവുമുള്ളതാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വനംകൊള്ള നടന്നത്. മരംമുറി റിപ്പോര്‍ട് ചെയ്ത ഉദ്യോഗസ്ഥന് അവധി എടുക്കേണ്ടി വന്നു. പകരം ഉദ്യോഗസ്ഥന് എങ്ങനെ വന്നെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.
അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ വനം മന്ത്രി എകെ ശശീന്ദ്രന് വിശദീകരണവുമായി രംഗത്തെത്തി. മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണെന്നും റവന്യൂ ഭൂമിയിലെ 10 കോടി രൂപയുടെ 115 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയെന്നും മന്ത്രി അറിയിച്ചു. തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ അറിയിച്ചിരുന്നു. സംസ്ഥാന വനം വകുപ്പ് വിജിലൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റാണ് അന്വേഷണം നടത്തുക. ഇതേ കാലയളവിൽ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.
Read Also: കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല








































