കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല

By Desk Reporter, Malabar News
Lakshadweep people in distress as curfew extended; No money even to buy essentials

കവരത്തി: കോവിഡ് വ്യാപനത്തിന്റെ പേരിൽ, യാതൊരു മുന്നൊരുക്കവും നടത്താതെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ദ്വീപിലെ ജനങ്ങൾ. കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലിന് പോകാൻ കഴിയാത്ത ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കാൻ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചിട്ടില്ല.

വിഷയം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഇന്ന് യോഗം ചേരും. അടിയന്തര നടപടി ആവശ്യപ്പെട്ട് ദ്വീപ് നിവാസികൾ ഇന്ന് ഹൈക്കോടതിയെയും സമീപിക്കും. കോവിഡ് പടർന്ന് പിടിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് മൂന്ന് ദ്വീപിൽ സമ്പൂർണ കർഫ്യൂവും, മറ്റ് ദ്വീപുകളിൽ ലോക്ക്ഡൗണും പ്രഖ്യാപിക്കുന്നത്. അന്ന് 14 ദ്വീപ് സമൂഹത്തിലുമായി കോവിഡ് കേസ് 2000 മുകളിലായിരുന്നു. ഇന്നലെ അത് 1000ലേക്ക് താഴ്ന്നു.

എന്നാൽ ഭരണകൂടം കർഫ്യൂ മുഴുവൻ ദ്വീപികുളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്‌തത്‌. മുന്നൊരുക്കങ്ങൾ സ്വീകരിക്കാതെ കർഫ്യൂ നീട്ടിയതോടെ ജനം ദുരിതത്തിലായി. ഏഴുപതിനായിരത്തോളം വരുന്ന ദ്വീപ് ജനതയിൽ 80 ശതമാനവും മൽസ്യ, കയർമേഖലയിൽ അന്നന്നത്തെ കൂലിക്ക് ജോലി ചെയ്യുന്നവരാണ്. ഇത്തരം കുടുംബങ്ങളെയാണ് കർഫ്യൂ ഏറ്റവും കൂടുതൽ ബാധിച്ചത്. ഏതാണ്ട് 20,000 ആളുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ടെന്നാണ് ദ്വീപ് ജനത പറയുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഭരണകൂടം നാളിതുവരെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇവർ പറയുന്നു.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തർ ഫെഡറേഷൻ എന്ന സംഘടന നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടം ഇറക്കിയ വിവിധ നിയമങ്ങളുടെ കരടിൻമേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജിയിൽ ലക്ഷദ്വീപ് ഭരണകൂടം ഇന്ന് കോടതിയെ നിലപാട് അറിയിക്കും.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിരാഹാര സമരം നടത്തിയിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നേരമാണ് നിരാഹാര സമരം നടത്തിയത്. സമരത്തിന് ദേശീയ ശ്രദ്ധ നേടാനായെന്ന് സേവ് ലക്ഷദ്വീപ് ഫോറം വിലയിരുത്തി.

ലക്ഷദ്വീപിൽ അടുത്ത ഘട്ട സമര പരിപാടികൾ തീരുമാനിക്കാനായി കോർ കമ്മിറ്റി യോഗം ഉടൻ ചേരും. ഹൈക്കോടതിയിൽ നിയമ പോരാട്ടങ്ങൾ നടത്തുന്നതിന് നിയമ വിദഗ്‌ധർ അടങ്ങിയ വിപുലമായ കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കേരളത്തിലടക്കമുള്ള എംപിമാരുടെ പിന്തുണയോടെ ഡെൽഹിയിൽ പ്രതിഷേധ പരിപാടികൾ നടത്താനും ആലോചനയുണ്ട്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും ശ്രമം നടത്തും.

Most Read: കൊടകര കുഴൽപ്പണ കേസ്; റെയ്‌ഡ്‌ വിവരങ്ങൾ പോലീസ് ചോർത്തിയെന്ന് വിവരം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE