തിരുവനന്തപുരം: ‘എൽഡിഎഫിനെ തകർക്കാൻ യുഡിഎഫ് അല്ലാതെ മറ്റാരുണ്ട്’. വോട്ടെണ്ണൽ ഫോട്ടോഫിനിഷിങ്ങിലെക്ക് അടുക്കുമ്പോൾ യുഡിഎഫ് ചരിത്രവിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയെന്ന് വ്യക്‌തമാക്കുന്ന ഫലമാണ് പുറത്തുവന്നത്.
യുഡിഎഫ് 104, എൽഡിഎഫ് 34, എൻഡിഎ 3 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഇടതിന്റെ പരമ്പരാഗത കോട്ടകൾ തകർത്തുള്ള ജയമാണ് യുഡിഎഫ് പലയിടത്തും സ്വന്തമാക്കിയത്. അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന ഇടതുകോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും ഉടുമയും തൃക്കരിപ്പൂരുമെല്ലാം തകർന്ന് തരിപ്പണമായി. മന്ത്രിമാരെല്ലാം തോറ്റ് തുന്നംപാടി.
നേമം തിരിച്ചുപിടിച്ച ബിജെപി ചരിത്രത്തിൽ ആദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബിബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചു. അവസാന നിമിഷം വരെ പാലക്കാട് ശോഭാ സുരേന്ദ്രൻ ലീഡ് ഉയർത്തിയെങ്കിലും രമേശ് പിഷാരടി വിജയിച്ചു.
സെഞ്ചുറിയടിച്ച് ഭരണത്തിലേറുമെന്ന വിഡി. സതീശന്റെ വാക്കുകളെ കേരളം അപ്പാടെ നെഞ്ചിലേറ്റിയ കാഴ്‌ചയാണ് കണ്ടത്. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്ന് എൽഡിഎഫ് അപ്രത്യക്ഷമായി.
മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, എംബി. രാജേഷ്, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വിഎൻ. വാസവൻ, ആർ. ബിന്ദു, റോഷി അഗസ്‌റ്റിൻ, ചിഞ്ചുറാണി, എംകെ. ശശീന്ദ്രൻ, വി. അബ്‌ദുറഹ്‌മാൻ, കെബി. ഗണേഷ് കുമാർ എന്നിവർ തോറ്റു. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ജയിച്ചു. കെകെ. ശൈലജ തോറ്റു.
എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷണൻ പേരാമ്പ്രയിൽ മുസ്‌ലിം ലീഗിന്റെ ഫാത്തിമ തഹ്‌ലിയയോട് തോറ്റു. ഇതോടെ ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ വനിതാ പ്രാതിനിധ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ, കെഎൻ. ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജിആർ. അനിൽ, കെ. രാജൻ എന്നിവർക്ക് മാത്രമാണ് മന്ത്രിമാരിൽ ജയിക്കാനായത്.
കേരള കോൺഗ്രസ് (എം) മൽസരിച്ച 12 ഇടങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്‌റ്റിനും തോറ്റു. കോട്ടയത്ത് തുടക്കം മുതൽ ശക്‌തമായ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്, മന്ത്രി വിഎൻ വാസവനെ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു പരാജയം ഏറ്റുവാങ്ങി. തോമസ് ഉണ്ണിയാടനാണ് മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി.
പാർട്ടി കോട്ടകളിലെ വിമതരുടെ ജയം സിപിഎമ്മിനെ ആകെ പിടിച്ചുകുലുക്കി. അമ്പലപ്പുഴയിൽ ജി. സുധാകരനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്‌ണനും തളിപ്പറമ്പിൽ ടികെ. ഗോവിന്ദനുമാണ് യുഡിഎഫ് സ്വതന്ത്രരായി മൽസരിച്ച് ജയിച്ചത്. ബേപ്പൂരിൽ പിവി. അൻവറിന് ജയിക്കാനായില്ലെങ്കിലും റിയാസിന്റെ ഭൂരിപക്ഷം കുറയ്‌ക്കാനായി.
പത്ത് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്‌മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. അത് ഫലവത്തായിരിക്കുകയാണ്. എന്നാൽ, മൂന്നാംതവണയും ഭരണം നിലനിർത്താമെന്ന എൽഡിഎഫിന്റ ആത്‌മവിശ്വാസം തകർന്ന് തരിപ്പണമായി.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































