വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിലെ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണെന്നും ശശീന്ദ്രൻ ആവർത്തിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. പ്രതികൾക്ക് രക്ഷപ്പെടനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതൽ തന്നെ വനംവകുപ്പിന്റെ നിലപാട് ഇതുതന്നെയാണെന്നും മന്ത്രി വ്യക്‌തമാക്കി.
എസ്ഐടിയും വനംവകുപ്പും സംയുക്‌തമായാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം ബോധ്യപ്പെട്ടതിനാലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഏത് കേസിലും പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ് മരം മുറിച്ചത്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌തതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ് ഈ സംഭവങ്ങൾ നടന്നതെന്ന വാദം സർക്കാർ ഉന്നയിച്ച പശ്‌ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം തന്നെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു. ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയ നിഗമനങ്ങളും അവർക്ക് സമർപ്പിച്ചു. അവർ കേസെടുത്താൽ സസ്‌പെൻഷൻ പോലുള്ള നടപടികളിലേക്ക് മുകളിലുള്ള ശിക്ഷാ നടപടികളിലേക്ക് പോകാനാകും. അന്ന് തന്നെ സസ്‌പെൻഷൻ പോലുള്ള നടപടികളിലേക്ക് പോയി കേസ് അവസാനിപ്പിക്കാമായിരുന്നു. എന്നാൽ, അങ്ങനെ ചെയ്‌താൽ ബന്ധപ്പെട്ട എല്ലാവരും രക്ഷപ്പെടും. അങ്ങനെ രക്ഷപ്പെട്ടാൽ പോരാ എന്ന നിലപാടാണ് സർക്കാരെടുത്തത്- ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, മരംമുറി കേസിൽ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞു പ്രതികളായ റോജി അഗസ്‌റ്റിനും സംഘവും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഭൂവുടമകൾ വെളിപ്പെടുത്തി. അനുമതി പത്രത്തിലൊന്നും തങ്ങൾ ഒപ്പിട്ടിട്ടില്ലെന്നും ആദിവാസി കർഷകർ പറഞ്ഞു.
Most Read: ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃ കുടുംബത്തിനെതിരെ കേസ്