ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
“ബിഹാർ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞു, ബിഹാറിലെ തൊഴിലാളികളെയും കർഷകരെയും ദരിദ്രരെയും കൊള്ളയടിച്ച തിന്മയും അഴിമതിയും നിറഞ്ഞ ഉപയോഗശൂന്യമായ ബിജെപി/ ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒറ്റെക്കെട്ടായി നിൽക്കണം. സീറ്റ് വിഭജനത്തിൽ മുഖ്യധാരാ പാർട്ടികൾ നീതി പുലർത്തണം,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
Now that the Bihar election dates have been announced, the Opposition must come together to defeat the evil, corrupt & useless govt of BJP/JDU which has looted the workers, farmers, poor & unleashed a jungle raj in Bihar. The bigger parties must be generous in seat sharing.
— Prashant Bhushan (@pbhushan1) September 26, 2020
മൂന്നു ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഒക്ടോബർ 28നും രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 10നാണ് വോട്ടെണ്ണൽ.
പരമാവധി ഓൺലൈൻ വഴിയായിരിക്കും നാമനിർദ്ദേശ പത്രികാ സമർപ്പണം. 80 വയസിന് മുകളിൽ ഉള്ളവർക്കും കോവിഡ് ലക്ഷണം ഉള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. സാമൂഹിക അകലം പാലിക്കാൻ കൂടുതൽ പോളിംഗ് ബൂത്തുകൾ ഉണ്ടായിരിക്കും.
Related News: ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നിയന്ത്രണം കടുപ്പിക്കും
നവംബർ 29നാണ് ബിഹാറിൽ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 സീറ്റുകൾ പട്ടിക ജാതിക്കും രണ്ട് സീറ്റ് പട്ടിക വർഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്.
പ്രചാരണ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശനമായി നിരീക്ഷിക്കുമെന്നും ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Kerala News: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം തിങ്കളാഴ്‌ച ആരംഭിക്കും