തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് ആകെ റിപ്പോർട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പടെയുള്ള 9 സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തുന്ന കേന്ദ്ര സംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട് നൽകും.
കേരളത്തിന് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡെൽഹി, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ഡെൽഹിയിലും ഉത്തർപ്രദേശിലുമാണ് നിലവിൽ കൂടുതൽ കേസുകൾ ഉള്ളത്. രാജ്യത്തെ ഡെങ്കിപ്പനി സാഹചര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ജനുസിലെ ഈജിപ്തി, അൽബോപിക്ട്സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ലക്ഷണങ്ങൾ;
- പെട്ടെന്നുള്ള കഠിനമായ പനി
- അസഹ്യമായ തലവേദന
- നേത്രഗോളങ്ങളുടെ പിന്നിലെ വേദന
- സന്ധികളിലും മാംസപേശികളിലും വേദന
- വിശപ്പില്ലായ്മ
- രുചിയില്ലായ്മ
- മനംപുരട്ടലും ഛർദിയും
‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ‘ബ്രേക്ക് ബോൺ ഫീവർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു ‘സാഡിൽ ബാഗ് സിൻഡ്രോം’ എന്നും പേരുണ്ട്.
Most Read: മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്സുകളിതാ







































