ന്യൂഡെല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച ‘കോവിഷീല്‍ഡ്’ എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. യു.കെയില്‍ പരീക്ഷണം നിര്‍ത്തിവെച്ച നടപടി രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് അഡാര്‍ പൂനവാല ‘ഇന്ത്യ ടുഡെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അറിയിച്ചത്.
കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷിച്ച ഒരു വ്യക്തിക്ക് രോഗം പിടിപെട്ടതില്‍ വാക്സിനുമായി നേരിട്ട് ബന്ധമില്ല. നേരത്തേയുണ്ടായിരുന്ന നാഡീവ്യൂഹത്തിലെ പ്രശ്നങ്ങളായിരിക്കാം ഇതിന് കാരണമെന്നും വാക്സിന്‍ പരീക്ഷണ സമയത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ പരീക്ഷിച്ച ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്ന് ‘കോവിഷീല്‍ഡ്’ പരീക്ഷണം നിര്‍ത്തിവെച്ചതായി ആസ്ട്ര സെനക വക്താവ് നേരത്തെ അറിയിച്ചിരുന്നു. 2021ഓടെ വാക്സിന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്ന ഓക്സ്ഫോര്‍ഡ് ഇത് രണ്ടാം തവണയാണ് പരീക്ഷണം നിര്‍ത്തിവെക്കുന്നത്. അതേസമയം വാക്സിന്റെ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യ അടക്കം ഏഴിടങ്ങളിലായി നടക്കുന്നത്.