തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്‌ഥാനത്ത് പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. ലഭ്യമായതിന് മൂന്നിരട്ടി വിലയും നൽകേണ്ട സ്‌ഥിതിയാണ് നിലവിലുള്ളത്.
കോവിഡിന് മുൻപ് ആശുപത്രി ഉപകരണമായിരുന്ന ഓക്‌സി മീറ്റർ ഇപ്പോൾ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിൽ നിന്ന് രക്‌തം എടുക്കാതെ തന്നെ രക്‌തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നതിനാണ് പൾസ് ഓക്‌സി മീറ്റർ ഉപയോഗിക്കുന്നത്. ക്‌ളോത്ത് ക്‌ളിപ്പിന്റെ ആകൃതിയിലുള്ള ഈ മെഡിക്കൽ ഇലക്‌ട്രോണിക് ഡിവൈസ് വിരലിൽ ഘടിപ്പിച്ചാൽ ശരീരത്തിലെ ഓക്‌സിജന്റെ അളവ് (എസ്‌പിഒ2) കൃത്യമായി കണ്ടുപിടിക്കാൻ കഴിയും.
സാച്ചുറേഷൻ ഓക്‌സിജൻ നില നിശ്‌ചിത നിലവാരത്തിനു (94) താഴെയാണെന്നു കണ്ടാൽ ഉറപ്പായും ആശുപത്രിയിൽ പോകണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ ഡിമാൻഡ് വർധിച്ചപ്പോൾ ഓക്‌സി മീറ്ററിന്റെ വിലയും നിയന്ത്രണം വിട്ട് കുതിക്കുകയാണ്. കോവിഡിന് മുൻപ് മുൻനിര ബ്രാൻഡുകളുടെ ഓക്‌സി മീറ്ററുകൾ 600 രൂപക്ക് വരെ ലഭ്യമായിരുന്നു. എന്നാലിപ്പോൾ 2000ത്തിന് മുകളിലാണ് വില. ഏപ്രിൽ മാസത്തോടെയാണ് വില ഇത്രയധികം വർധിച്ചതും ക്ഷാമം ഉണ്ടായതെന്നും മെഡിക്കൽ അധികൃതർ പറയുന്നു.
ഡിമാൻഡും വിലയും കൂടിയതിനാൽ വ്യാജൻമാരും സജീവമാണ്. മെഡിക്കൽ ഉപകരണമായതിനാൽ വളരെ ശ്രദ്ധിച്ച് വേണം ഓക്‌സി മീറ്റർ വാങ്ങാൻ. പ്രധാനമായും മൂന്നു തരത്തിലുള്ള ഓക്‌സി മീറ്ററുകളാണുള്ളത്. ഫിംഗർടിപ്, ഫീറ്റൽ, ഹാൻഡ് ഹെൽഡ് ഓക്‌സി മീറ്റർ എന്നിവയാണവ. വീടുകളിലേക്ക് ഫിംഗർടിപ് പൾസ് ഓക്‌സി മീറ്ററാണ് ഏറ്റവും അനുയോജ്യം. ഡിസ്‌പ്‌ളേയുടെ ക്‌ളാരിറ്റിയും ഓക്‌സി മീറ്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ഓൺലൈനായി വാങ്ങുകയാണെങ്കിൽ റിവ്യൂകളും കമ്പനിക്ക് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളും നിർബന്ധമായി പരിശോധിക്കണം.
Also Read: സംസ്‌ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകൾക്ക് ക്ഷാമം