കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്

By Desk Reporter, Malabar News
Paddy-procurement-kerala
Representational Image
Ajwa Travels

കൊയിലാണ്ടി: കക്കുളം പാടത്ത് ഇത്തവണ കണ്ണീർ കൊയ്‌ത്ത് ആണ്. കാലം തെറ്റി വന്ന മഴ തകർത്തത് ഏറെ പ്രതീക്ഷയോടെ വിത്ത് വിതച്ച് കാത്തിരുന്ന നെൽകർഷകരുടെ സ്വപ്‌നങ്ങളാണ്. മകരക്കൃഷിയുടെ വിളവെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ മഴ എത്തിയത്. ഇതോടെ കർഷകരുടെ സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീണു. ഒരു മഴയിൽ അവസാനിക്കുമെന്ന പ്രതീക്ഷയും തെറ്റി. തുടർച്ചയായി മഴ ശക്‌തിയോടെ പെയ്‌തതിനെ തുടർന്ന് പാടത്ത് വെള്ളം കയറി. വിളഞ്ഞു നിന്ന നെൽച്ചെടികളെല്ലാം വെള്ളത്തിൽ മുങ്ങി.

കൊയിലാണ്ടി വിയ്യൂർ കക്കുളം പാടശേഖരത്ത് മാത്രം 30 ഏക്കർ ഭൂമിയിലെ നെൽക്കൃഷിയാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഇവിടുത്തെ കർഷകർക്ക് ഉണ്ടായത്. ഇത്ര വലിയ നാശനഷ്‌ടം ഇവിടെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് കൃഷിയിറക്കിയ പ്രമോദ് രാരോത്ത് പറഞ്ഞു.

നെൽക്കറ്റകൾ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് പ്രമോദ് പറഞ്ഞു. ചെറു നീറ്റുകണ്ണി ഇനത്തിൽ പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്‌തത്‌. പശുക്കൾക്ക് ഏറെ ഇഷ്‌ടമുള്ള നെൽക്കറ്റ ആയതിനാൽ ഇവക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷി ചെലവിന്റെ പകുതി പണം നെൽക്കറ്റ വിറ്റാൽ തന്നെ കിട്ടുമായിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷയും നഷ്‌ടമായി എന്നും പ്രമോദ് പറഞ്ഞു.

വ്യക്‌തിഗതമായി കൃഷിയിറക്കിയവരാണ് ഭൂരിഭാഗം പേരും. വെള്ളത്തിൽ കുതിർന്ന നെല്ലുകളുടെ കൊയ്‌ത്ത് കഴിഞ്ഞ ദിവസം തുടങ്ങി. നല്ലൊരു ഭാഗം നെൻമണികളും വെള്ളത്തിൽ ഊർന്നിറങ്ങി. അവശേഷിക്കുന്ന വളരെ കുറച്ച് വിളവ് കൊണ്ട് തൃപ്‌തിപ്പെടേണ്ട ഗതികേടിലാണ് കർഷകർ. വെള്ളത്തിൽ മുങ്ങിയ നെൻമണികൾ വളരെ വേഗം മുളച്ചു പോകുമെന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.

ഒരു ഭാഗം പുഴയും മറുഭാഗം കനാലുമുള്ള കക്കുളം പാടശേഖരത്ത് പരമ്പരാഗത ജലസേചന രീതിയാണ് പിന്തുടരുന്നത്. ആവശ്യാനുസരണം അടക്കാനും തുറക്കാനും സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയിൽ ഇവിടുത്തെ ബണ്ട് തകർന്നു. ഇതോടെ പാടത്തേക്ക് വെള്ളം കയറി.

ഋതുഭേദങ്ങൾക്ക് അനുസരിച്ച് വൈവിധ്യങ്ങളായ കൃഷികൾ ഇറക്കുന്ന പാടശേഖരമാണ് കക്കുളത്തിലേത്. മകരക്കൊയ്‌ത്ത് കഴിഞ്ഞാൽ ഇവിടെ പച്ചക്കറി കൃഷിയാണ് നടത്താറ്. എന്നാൽ മഴ കാരണം അതും മുടങ്ങി. വെള്ളം വറ്റി പാടം പാകപ്പെട്ടു വരുമ്പോഴേക്കും കൃഷി ഇറക്കേണ്ട സീസൺ കഴിയും. കർഷകർക്കും ഉപഭോക്‌താക്കൾക്കും ഒരുപോലെ മഴ നഷ്‌ടം വരുത്തി.

Malabar News:  പാലിയേക്കര ടോള്‍ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE