ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ മാധ്യസ്‌ഥത വഹിച്ചുവെന്ന ചൈനയുടെ വാദം അംഗീകരിച്ച് പാക്കിസ്‌ഥാൻ. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ, പാക്ക് വിദേശകാര്യ വക്‌താവ് താഹിർ ആൻഡ്രോബിയാണ് മധ്യസ്‌ഥരായി ചൈന ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.
ചൈനീസ് നേതാക്കൾ പാക്കിസ്‌ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തിയെന്നുമാണ് താഹിർ പറയുന്നത്.
”വളരെ നല്ല നയതന്ത്ര നീക്കങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്‌ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനും ചൈനീസ് നേതാക്കൾ പങ്കുവഹിച്ചു എന്ന് ഞാൻ കരുതുന്നു. മധ്യസ്‌ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്”- താഹിർ പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കും ഇടയിൽ മധ്യസ്‌ഥത വഹിച്ചെന്നായിരുന്നു ഇത്രയും കാലം പാക്കിസ്‌ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതിനെ തള്ളിയാണ് ചൈനയാണ് മധ്യസ്‌ഥത വഹിച്ചുവെന്ന ഇപ്പോഴത്തെ നിലപാട്. എന്നാൽ, ഈ വാദങ്ങളെല്ലാം ഇന്ത്യ തള്ളിയിരുന്നു.
പാക്കിസ്‌ഥാൻ ഡിജി ഓഫ് മിലിട്ടറി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവെച്ചതെന്നും വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം. ചൈന മധ്യസ്‌ഥത വഹിച്ചുവെന്ന ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യിയുടെ അവകാശവാദവും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
Most Read| ഇൻഡോർ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ






































