ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്.
കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ജനം വലയുകയാണ്. തദ്ദേശ നദികളിൽ വെള്ളം കുറഞ്ഞത് മാത്രമല്ല കൃഷിയെ പ്രതിസന്ധിയിലാക്കിയത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽ നിന്ന് ഒഴുകിവരുന്ന നദികളിൽ നിന്നുമുള്ള ജലത്തിന്റെ ലഭ്യതയും ഇല്ലാതായി.
സിന്ധു നദിയിലെ ടർബെല ഡാമിലും ഝലം നദിയിലെ മംഗ്ള ഡാമിലും ജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി പാക്കിസ്‌ഥാൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ പറയുന്നു. 2024 ജൂൺ രണ്ടിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2025 ജൂൺ രണ്ടുവരെ ജലലഭ്യത 10.3 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കാൻ ഇനിയും നാല് ആഴ്‌ചകൾ ശേഷിക്കുന്നതിനാൽ വരും ആഴ്‌ചകളിൽ സ്‌ഥിതി കൂടുതൽ വഷളായേക്കുമെന്നാണ് വിലയിരുത്തൽ. ചെനാബ് നദിയിലെ പ്രതിസന്ധി കണക്കിലെടുത്ത്, ജലസംഭരണികളിൽ നിന്നുള്ള വെള്ളം വിവേകപൂർവം ഉപയോഗിക്കാൻ ഡാം അധികാരികൾക്കും ജലസേചന വിതരണ ഏജൻസികൾക്കും സർക്കാർ നിർദ്ദേശം നൽകിയതായാണ് വിവരം.
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിൽ അതിർത്തി കടന്നുള്ള ഏക ജലപങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്‌തംബർ 19നാണ് ഇന്ത്യയും പാക്കിസ്‌ഥാനും കരാറിൽ ഒപ്പുവെച്ചത്. 64 വർഷം പഴക്കമുള്ള കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിട്ടത്. നീണ്ട ഒൻപത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്.
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ കരാറിൽ നിന്ന് പിൻമാറിയിരുന്നില്ല. എന്നാൽ, കശ്‌മീരിലെ പഹൽഗാമിൽ സാധാരണക്കാരായ വിനോദസഞ്ചാരികളെ രക്‌തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയായിരുന്നു.
Most Read| ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം