പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. വിജയ സാധ്യതയുള്ള സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതായി ആരോപിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര് ബാലസുബ്രഹ്മണ്യം മൽസരത്തിൽ നിന്നു പിൻമാറി. തന്നോട് ആലോചിക്കാതെയെടുത്ത പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് മൽസരത്തിൽ നിന്ന് പിൻമാറിയതെന്ന് ബാലസുബ്രഹ്മണ്യം സ്വകാര്യ ചാനലിനോട് പറഞ്ഞു.
മുതിർന്ന നേതാക്കളെ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ബാലസുബ്രഹ്മണ്യം അതൃപ്തി അറിയിച്ച് പിൻമാറിയതോടെ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസിനോട് മൽസരിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭ കൗണ്‍സിലറാണ് ബാലസുബ്രഹ്മണ്യം. മൽസരിക്കാൻ താൽപര്യം അറിയിച്ച സിറ്റിംഗ് സീറ്റുകളിൽ നിന്ന് മാറ്റി പുത്തൂർ നോർത്തിൽ സ്ഥാനാർഥിയാക്കിയതാണ് ബാലസുബ്രഹ്മണ്യത്തെ ചൊടിപ്പിച്ചത്. ബാലസുബ്രഹ്മണ്യത്തെ കൂടാതെ പട്ടികയിൽ ഇടം പിടിക്കാതെ പോയ നിരവധി നേതാക്കളും ജില്ലാ കമ്മിറ്റിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
Malabar News: ‘കോടിയേരി സ്ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു
ബിജെപിക്കകത്ത് കുറച്ച് കാലങ്ങളായി ഉടലെടുത്ത അഭിപ്രായ ഭിന്നത പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന് നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ ഭിന്നത രഹസ്യമല്ല. അഭിപ്രായ ഭിന്നതകള്‍ പരഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥി പട്ടിക സംബന്ധിച്ചും പാര്‍ട്ടിയിലുള്ള തർക്കം പുറത്താകുന്നത്.







































