പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് പി സരിൻ. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നതെന്നും സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങികൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.
സ്‌ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതെന്ന് വ്യക്‌തമാക്കിയ സരിൻ, ഇപ്പോഴത്തെ സ്‌ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണെന്നും ചോദിച്ചു. പാലക്കാട് ഒരാളുടെ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്‌ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റ് പറ്റിയെങ്കിൽ തിരുത്തണം. ഇത് എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൾ ഗാന്ധി ആയിരിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.
പുനഃപരിശോധിച്ച് രാഹുൽ തന്നെയാണ് സ്‌ഥാനാർഥിയെന്ന് പറഞ്ഞാൽ പ്രശ്‌നം തീർന്നു. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്‌ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖർഗെയ്‌ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്‌ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? താൻ കോൺഗ്രസ് വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ട് മാത്രമേ പോവുകയുള്ളൂവെന്നും സരിൻ കൂട്ടിച്ചേർത്തു.
പാലക്കാട്ട് നിന്നുള്ള ഒരാൾ തന്നെ സ്‌ഥാനാർഥിയായി മണ്ഡലത്തിലെത്തണമെന്ന ആലോചനയിലായിരുന്നു നേരത്തെ സരിനെ പരിഗണിച്ചിരുന്നത്. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്‌ഥാനാർഥിക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന് താൽപര്യം. എന്നാൽ, നറുക്ക് വീണത് രാഹുൽ മാങ്കൂട്ടത്തിലിനായിരുന്നു. ഷാഫി പറമ്പിലിന്റെയും വിഡി സതീശന്റെയും പിന്തുണയാണ് രാഹുലിന് തുണയായത്. ഇതോടെയാണ് അതൃപ്‌തി പരസ്യമാക്കി സരിൻ രംഗത്തെത്തിയത്.
Most Read| മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ വിധിക്ക് സ്‌റ്റേ