പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം ബലപ്പെടുത്താൻ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാതിരാ റെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്.
കെഎസ്യു നേതാവ് ഫെനി നൈനാൻ നീല ട്രോളി ബാഗുമായി ഹോട്ടലിലേക്ക് എത്തുന്നതും മുറിയിലേക്ക് കയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എട്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എംപി, വികെ ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയിൽ നിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെനി നൈനാൻ ട്രോളി ബാഗുമായി മുറിയിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും ദൃശ്യത്തിലുണ്ട്.
പിന്നാലെ രാഹുലും ഷാഫിയും മുറിയിൽ നിന്നിറങ്ങുന്നതും ജ്യോതികുമാർ ചാമയ്ക്കലിനൊപ്പം ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നതും കാണാം. കുറച്ച് സമയത്തിന് ശേഷം രാഹുൽ വരാന്തയിൽ നിന്ന് പുറത്തേക്ക് പോകുന്നതും ജ്യോതികുമാറും ഷാഫിയും തിരിച്ചു മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നീല ട്രോളി ബാഗിൽ കോൺഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവന്നെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഫെനി നൈനാൻ ട്രോളി ബാഗിൽ എത്തിച്ചത് കള്ളപ്പണമാണെന്നാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിക്കുന്നത്.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ബാഗിൽ പണമാണെന്ന് ദൃശ്യങ്ങളിൽ ഉണ്ടോയെന്നാണ് രാഹുലിന്റെ ചോദ്യം. പോലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ സിപിഎമ്മിന് ലഭിച്ചതിൽ പൊളിറ്റിക്കൽ അജണ്ട ഇല്ലേയെന്നും രാഹുൽ ചോദിച്ചു. പെട്ടിയിൽ വസ്ത്രങ്ങളാണെന്ന് ആവർത്തിച്ച രാഹുൽ, പണം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണം നടക്കട്ടെയെന്നും പറഞ്ഞു.
ഒരു രൂപ ഉണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നും ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചു. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി 12.10ഓടെ കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പടെ പോലീസ് പരിശോധന നടത്തിയത്.
ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. നീല നിറത്തിലുള്ള ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പരിശോധന. ഇന്ന് വൈകിട്ടും അന്വേഷണ സംഘം ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്ക്ക് ഉൾപ്പടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!