പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം 2 മണിക്ക് കറുകോടി ശ്മശാനത്തിൽ സംസ്കരിക്കും.
ശ്രീനിവാസന്റെ ശരീരത്തിൽ മാരകമായി മുറിവുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റെന്നും ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. കാലിലും കയ്യിലും മാരക മുറിവുകളുണ്ട്.
കഴിഞ്ഞദിവസം പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലക്കാട് എസ്കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘം വാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ നാലു പേരാണ് പിടിയിലായത്. ജിനീഷ്, സുദർശൻ, ഷൈജു, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനമോടിച്ചയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെയും ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ വിന്യസിച്ചു. എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്യും.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ക്രമാസമാധാന പ്രശ്നങ്ങൾക്കുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നതിനും, യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഈ ഉത്തരവ് ബാധകമല്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ പൊതു സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെക്കുകയോ അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു







































