പാലക്കാട്: ഉപ്പുകുളം കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പിലാച്ചോലയിലെ എൻഎസ്‌എസ് എസ്‌റ്റേറ്റിന് സമീപമാണ് സംഭവം.
ആക്രമണത്തിൽ ഹുസൈന്റെ തോളിലും മുതുകിലും പരിക്കേറ്റു. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന ആളുകൾ ഒച്ചവെച്ചതിനാൽ തലനാരിഴക്കാണ് ഹുസൈൻ രക്ഷപെട്ടത്.
ഒരു മാസത്തിലേറെയായി പ്രദേശത്ത് കടുവകളുടെ വിഹാരമുള്ളതായി നാട്ടുകാർ പറയുന്നു. പല തവണ ടാപ്പിങ് തൊഴിലാളികളും പ്രദേശവാസികളും വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്നത് പതിവാണെങ്കിലും മനുഷ്യന് നേരെ ഇതാദ്യമായാണ് ആക്രമണം ഉണ്ടാകുന്നത്.
സംഭവത്തോടെ ജനങ്ങൾ ഭീതിയിലാണ്. അധികൃതരുടെ അനാസ്‌ഥയിൽ ഇന്ന് ഉപ്പുകുളം ഫോറസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുമെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്ത് ക്യാമറയും രണ്ട് ദിവസത്തിനകം കെണിയും സ്‌ഥാപിക്കുമെന്ന് മണ്ണാർക്കാട് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ യു ആഷിക്കലി അറിയിച്ചു.
Also Read: ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം








































