പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്. സംഘർഷത്തിനിടെ ഉണ്ടായ പ്രകോപനമാണ് അടിപിടിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ വിശദീകരണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇന്നലെയാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ മരണപ്പെട്ടത്. മാർച്ച് രണ്ട് ശിവരാത്രി ദിനത്തിൽ പഴമ്പാലക്കോട് അമ്പലത്തിന് സമീപം ഉണ്ടായ അടിപിടിക്കിടെയാണ് അരുൺ കുമാറിന് കുത്തേറ്റത്. തുടർന്ന് നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്നലെ ഉച്ചയോടെ മരിച്ചത്. എട്ട് ദിവസത്തോളം ഗുരുതരാവസ്‌ഥയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.
സമുദായ ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഒരുകൂട്ടം ഐപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ അരുണിനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ കമ്പിവടിക്കൊണ്ട് അരുണിന്റെ നെഞ്ചിൽ കുത്തുകയും, സോഡാ ബോട്ടിൽ എറിയുകയും ചെയ്‌തിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ആറുപ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. അയൽവാസികളും ബന്ധുക്കളുമായി കൃഷ്‌ണദാസ്, ജയേഷ്, സന്തോഷ്, മണികണ്‌ഠൻ, രമേശ്, മിഥുൻ നിധിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ നിധിൻ ഒഴികെ ഉള്ളവരാണ് പോലീസ് പിടിയിലായത്. പ്രതികളിൽ ഒരാളായ മിഥുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അതേസമയം, അരുൺ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. എന്നാൽ, ഈ ആരോപണം സിപിഎം നിഷേധിച്ചിരുന്നു.
ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തെ രാഷ്‌ട്രീയ വൽക്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. അരുൺ കുമാറിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് ഇന്ന് വിട്ടുകൊടുക്കും. മൃതദേഹം ഇന്ന് ഉച്ചക്ക് 12ന് വിലാപയാത്രയായി നാട്ടിലെത്തിക്കും. അതേസമയം, അരുൺ കുമാറിന്റെ മരണത്തിൽ അനുശോചിച്ച് ഇന്ന് രാവിലെ മുതൽ വൈകിട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുകുറുശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Most Read: വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു







































