തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവർ അറസ്‌റ്റിൽ. ഇരുവരെയും നേരത്തെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അഭിജിത്ത് ഒന്നാംപ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.
ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്ദുജ മരിക്കുന്നതിന് മുൻപ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാൻ ഭർത്താവ് അഭിജിത്ത് ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന് സുഹൃത്തായ അജാസിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തൽ.
അജാസ് ഇന്ദുജയെ മർദ്ദിച്ചെന്ന് അഭിജിത്ത് മൊഴി നൽകിയിരുന്നു. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് അജാസ് മർദ്ദിച്ചത്. കാറിൽവെച്ചായിരുന്നു മർദ്ദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
അജാസിനെതിരെ ഈ രണ്ട് കുറ്റങ്ങൾക്ക് പുറമെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങിയ ശേഷമാകും കൂടുതൽ തെളിവെടുപ്പ്.
ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ നന്ദിയോട് ഇടവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്നാണ് അഭിജിത്ത് പോലീസിനോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ ശനിയാഴ്‌ച ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായ പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്‌ചയിൽ അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻ കാണി പാലോട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻക്വസ്‌റ്റ് നടക്കുന്ന വേളയിൽ ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തി.
ഇതിനെത്തുടർന്നാണ് ഭർത്താവ് അഭിജിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടെ അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അജാസിനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും വ്യക്‌തമായ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചില്ല.
എന്നാൽ, അജാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും നാലുമാസം മുമ്പാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!