കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് കൊണ്ടാകാം മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും രാഹുൽ നിരപരാധിയാണെന്നും ആയിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ, ഇത് അന്വേഷത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പോലീസ് പറയുന്നത്. രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്ന് യുവതി പറയുമ്പോൾ, മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, തന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും രാഹുൽ നേരത്തെ വിവാഹം കഴിച്ചത് അറിയാമായിരുന്നുവെന്നും പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി വെളിപ്പെടുത്തി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാർ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. വീട്ടുകാരുടെ കൂടെ വീട്ടിലേക്ക് മടങ്ങാൻ സമ്മതമില്ലായിരുന്നു. തനിക്ക് രാഹുലേട്ടനൊപ്പം നിൽക്കാനായിരുന്നു താൽപര്യമെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിലെ പ്രതി രാഹുൽ പി ഗോപാലിനെ രക്ഷപ്പെടാൻ സഹായിച്ച കേസിൽ മുങ്ങിയ പന്തീരാങ്കാവ് സിവിൽ പോലീസ് ഓഫീസർ കെടി ശരത് ലാലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സംഭവത്തിന് ശേഷം മുങ്ങിയ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായി ജാമ്യം നേടാം എന്ന നിരീക്ഷണത്തിൽ സെഷൻ കോടതി ഹരജിയിൽ തീർപ്പ് കൽപ്പിച്ചിരുന്നു. തുടർന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് ഇയാൾ ചോദ്യം ചെയ്യലിനായി ഇന്ന് എത്തുന്നതെന്ന് പോലീസ് പറയുന്നു.
ശരത് ലാലിൽ നിന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അടുത്ത ദിവസം കുറ്റപത്രം നൽകും. കേസിൽ രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അറസ്റ്റ് ചെയ്ത മറ്റു പ്രതികളായ രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രൈവർ രാജേഷ്, കൂടാതെ കേസിൽ ഉൾപ്പെട്ട പോലീസുകാരനെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക.
Most Read| മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും- അതൃപ്തിയുമായി ശിവസേന