മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പിൽ ജില്ലയിൽ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം എത്തിയാതായി കണ്ടെത്തി. പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു. അവസാനമായി 28,000 രൂപയാണ് അക്കൗണ്ടിൽ എത്തിയത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിൽ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാർ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. രാജ്യ വിരുദ്ധ പ്രവർത്തനം, ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പോലീസ്.
അതേസമയം, പാലക്കാട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് ആവശ്യമായ സിം കാർഡ് എത്തിച്ചത് ബെംഗളൂരുവിൽ നിന്നാണെന്ന് കണ്ടെത്തി. എട്ട് സിമ്മുകളാണ് പാലക്കാടു നിന്നും കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
ഇതിനിടെ പാലക്കാട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിൽ നിന്ന് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്തയിലും പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പോലീസിൽ നിന്നും തെറ്റായ വിവരം ചോർന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും പരിശോധിക്കും.
Most Read: കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി