തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്‌മ; പ്രതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി തിങ്കളാഴ്‌ച

കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെപി ഷാരോൺ രാജിനെ (23) കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്‌ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തി.

By Senior Reporter, Malabar News
ഗ്രീഷ്‌മ
Ajwa Travels

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കോടതിൽ ഇന്ന് അന്തിമവാദം നടന്നു. ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എഎം ബഷീർ ഇന്നലെ കണ്ടെത്തിയിരുന്നു.

ഒന്നാപ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്‌മ കോടതിൽ കത്ത് നൽകി. തുടർന്ന് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എംഎ ലിറ്ററേച്ചർ ഡിസ്‌റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്‌മ ആവശ്യപ്പെട്ടു.

കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്‌മ കോടതിക്ക് കൈമാറി. പ്രതിയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ കേട്ടു. ഗ്രീഷ്‌മയ്‌ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്‌ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണം.

ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്‌മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി. മുൻകൂട്ടി നിശ്‌ചയിച്ച കൊലപാതകമാണിത്. അവിചാരിതമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്‌തത്‌. ഷാരോണിനും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. കുറേ സ്വപ്‌നങ്ങളാണ് ഗ്രീഷ്‌മ തകർത്തത്. പ്രതിക്ക് മനസ്‌താപം ഉണ്ടയില്ല. അതുകൊണ്ടുതന്നെ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെപി ഷാരോൺ രാജിനെ (23) കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്‌ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തി.

ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്‌മയെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതാണ് അമ്മാവനെതിരായ കുറ്റം. സംശയത്തിന്റെ ആനുകൂല്യത്തിൽ അമ്മ സിന്ധുവിനെ കോടതി വെറുതെവിടുകയായിരുന്നു. 2022 ഒക്‌ടോബർ 14ന് ആണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്.

ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത്. ആദ്യം പാറശാല പോലീസ് അസാധാരണ മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും, പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഒക്‌ടോബർ 30ന് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയിരുന്നു.
  
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE