കേരളത്തിലെ ഒരുയഥാർഥ സംഭവത്തെ ആസ്‌പദമാക്കി, കുടുംബ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ‘പത്താം വളവ്‘ വരുന്നു. മലയാളികളുടെ പ്രിയ സംവിധായകൻ എം പത്‌മകുമാറാണ് ചിത്രം ഒരുക്കുന്നത്. യുണൈറ്റഡ് ഗ്‌ളോബൽ മീഡിയ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്.
സുരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താം വളവ്‘ അതിന്റെ ആദ്യ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. മമ്മൂട്ടി, തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും അവരവരുടെ സാമൂഹികമാദ്ധ്യമ പേജുകളിലൂടെയാണ് മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തത്.
1988ൽ ആരണ്യകം എന്ന ചിത്രത്തിൽ സംവിധായകൻ ഹരിഹരന്റെ നാലാം സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച എം പത്‌മകുമാർ 33 കൊല്ലം പൂർത്തീകരിച്ചാണ് ‘പത്താം വളവി’ൽ എത്തുന്നത്. തുടർന്നിങ്ങോട്ട് ഐവി ശശി, ജോഷി, ഷാജി കൈലാസ്, രഞ്‌ജിത്ത് ഉൾപ്പടെയുള്ള പ്രമുഖ സംവിധായകരുടെ 20ഓളം ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.
2003ൽ അമ്മക്കിളിക്കൂട് എന്ന ചിത്രം ചെയ്‌ത് കൊണ്ടാണ് എം പത്‌മകുമാർ സ്വതന്ത്ര സംവിധായകനായത്. സ്വതന്ത്ര സംവിധായകനായി മാത്രം 15ലധികം ചിത്രം പൂർത്തീകരിച്ചു. ‘പത്താം വളവി’ൽഅദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്‌താർ അഹമ്മദ്, ഷാജു ശ്രീധർ, ബോബൻ സാമുവൽ, ബേബി കിയാറ, റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു.

മുൻ പത്‌മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്‌ജിൻ രാജാണ് ‘പത്താം വളവ്‘ സംഗീത നിർവഹണം നോക്കുന്നത്. രതീഷ് റാമാണ് ഛായാഗ്രഹണം. സ്‌റ്റണ്ട് കൊറിയോഗ്രാഫി മാഫിയാ ശശി നിർവഹിക്കുന്ന പത്താം വളവിന്റെ വാർത്താ പ്രചരണം പി ശിവപ്രസാദ് നോക്കുന്നു.
Most Read: കുതിരക്ക് ബിജെപി പതാകയുടെ പെയിന്റടിച്ചു; പരാതിയുമായി മേനകാ ഗാന്ധിയുടെ സംഘടന