പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എടി അഷിത, അഞ്ജന മധു എന്നിവരാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അമ്മുവിന്റെ സഹപാഠികളാണ് ഇവർ.
ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി ആയിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്.
കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാർഥിനികളുമായി അമ്മുവിന് ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതർ ശ്രമിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി.
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട് അടുത്തയാഴ്ച കൈമാറിയേക്കും. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരൻ അഖിൽ സജീവ് അമ്മുവിന്റെ ചികിൽസാ കാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ആവർത്തിച്ചു. അമ്മുവിനെ ആശുപത്രിയിൽ എത്തിച്ച സമയം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സഹോദരൻ പോലീസിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ആരോ ബോധപൂർവം പറഞ്ഞതാണ് ഇക്കാര്യം. അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്ന് എഴുതിയ കയ്യക്ഷരം സഹോദരിയുടേതല്ലെന്നും അഖിൽ ഉറപ്പിച്ചു പറയുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’




































