പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടുപേർ പോലീസ് കസ്‌റ്റഡിയിലുണ്ട്.
62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും 13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി ഇന്നലെയാണ് പോലീസിന് മൊഴി നൽകിയത്. പിന്നാലെ പോലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ആറോളം സ്‌റ്റേഷനുകളിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്‌ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
13ആം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. പിന്നീട് നഗ്‌നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പ്രതികൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ശേഷം ആൺസുഹൃത്തിന്റെ കൂട്ടുകാർ, സഹപാഠികൾ, കായിക പരിശീലകർ, കായിക താരങ്ങൾ, സമീപവാസികൾ, പിതാവിന്റെ സുഹൃത്തുക്കൾ എന്നിവരിൽ നിന്നാണ് പീഡനം നേരിടേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി.
പിതാവിന്റെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികൾ നഗ്‌നചിത്രങ്ങൾ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്‌ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു.
പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോൺ രേഖകൾ വഴി നാൽപ്പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ എസ്‌സി, എസ്‌ടി പീഡന നിരോധന നിയമവും ചുമത്തും. ഇപ്പോൾ പോലീസ് കസ്‌റ്റഡിയിൽ ആയവരെല്ലാം 19നും 30നുമിടയിൽ പ്രായമുള്ളവരാണ്.
സംസ്‌ഥാനത്ത് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതിചേർക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണിത്. ദളിത് പെൺകുട്ടി, 18 വയസിന് താഴെ പ്രായമുള്ളപ്പോൾ പീഡനം, മൂന്നരവർഷ കാലയളവിൽ പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസിനെ അത്യധികം പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്