കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. 14ആം പ്രതി കെ മണികണ്‌ഠൻ, 20ആം പ്രതി ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ വെളുത്തോളി, 22ആം പ്രതി കെവി ഭാസ്‌കരൻ എന്നിവരാണ് ജയിൽ മോചിതരായത്.
പുറത്തിറങ്ങിയ ഇവർക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടി സ്വീകരണമൊരുക്കി. എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ ഗൂഢാലോചനയില്ലെന്നും സിപിഎം നേതാക്കളായത് കൊണ്ടാണ് കേസിൽ കുടുക്കിയതെന്നും കെവി കുഞ്ഞിരാമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു. പിന്നാലെയാണ് ഇവർ ജയിൽ മോചിതരായത്. ശിക്ഷാവിധി ചോദ്യം ചെയ്‌തുള്ള അപ്പീലിനൊപ്പം പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്‌റ്റിസ് പിബി സുരേഷ് കുമാർ, ജസ്‌റ്റിസ് ജോബിൻ സെബാസ്‌റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
അഞ്ചുവർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണാ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. തെളിവ് നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. 2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്.
ഒന്ന് മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബിൻ, പത്താം പ്രതി ടി രഞ്‌ജിത്ത്, 15ആം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിചാരണാ കോടതി വിധിച്ചത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം