കൊച്ചി: റോബിൻ ബസിന് മുന്നറിയിപ്പുമായി ഹൈക്കോടതി. പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. റോബിൻ ബസ് പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. റോബിൻ ബസിനെതിരായ സർക്കാറിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
അതേസമയം, ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി നിർദ്ദേശം നൽകി. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരേയായിരുന്നു സർക്കാർ അപ്പീൽ നൽകിയത്. അതിനിടെ, റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി.
എഎംവിഐമാരായ രണ്ടുപേരാണ് ഗിരീഷിനെതിരെ പരാതി നൽകിയത്. വാഹന പരിശോധന നടത്തുന്നതിനിടയിൽ ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേത്തുടർന്ന് ഗിരീഷിനെ എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമാണെന്നും ഗിരീഷ് പ്രതികരിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!







































