തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ. എസ്‌ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ജിഡി ചാർജുള്ള പോലീസുകാരെ സ്‌ഥലം മാറ്റും.
ബിന്ദുവിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അടിയന്തിര റിപ്പോർട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താൻ അസി. കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. പേരൂർക്കട പോലീസിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വിഷയത്തിൽ മന്ത്രി ഒആർ കേളു പോലീസിനോട് റിപ്പോർട് തേടുകയും ചെയ്‌തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. എസ്ഐക്കെതിരായ നടപടിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. എസ്‌ഐക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പോലീസുകാർക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രസന്നൻ എന്ന പോലീസുകാരനെതിരെയും നടപടി വേണം. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാൻ പറഞ്ഞത് പ്രസന്നൻ ആന്നെന്ന് ബിന്ദു പറഞ്ഞു. കൂടാതെ കള്ളപ്പരാതി നൽകിയ ആൾക്കെതിരെയും നടപടി എടുക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. അതിനിടെ, ബിന്ദുവിന്റെ വീട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു.
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ആം തീയതി ബിന്ദുവിനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയത്. 24ആം തീയതി ഉച്ചയ്‌ക്ക് 12 മണിക്കാണ് ബിന്ദുവിനെ വിട്ടയച്ചത്. മണിക്കൂറുകളോളമാണ് പോലീസ് യുവതിയെ മാനസികമായി പീഡിപ്പിച്ചത്. ഒടുവിൽ മോഷ്‌ടിക്കപ്പെട്ടെന്ന് കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും യുവതി കുറ്റം സമ്മതിച്ചെന്ന് കാട്ടി എഫ്ഐആർ റദ്ദാക്കാതെ പോലീസ് തുടർനടപടി സ്വീകരിക്കുകയായിരുന്നു.
Most Read| ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തും; ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറും