ന്യൂഡെല്‍ഹി : കോവിഡ് ബോധവല്‍ക്കരണ സന്ദേശത്തില്‍ നിന്നും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ശബ്‌ദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. സാമൂഹിക പ്രവര്‍ത്തകനായ രാകേഷ് എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. അമിതാഭ് ബച്ചന് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശബ്‌ദം ബോധവല്‍ക്കരണ സന്ദേശത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഹരജിയില്‍ രാകേഷ് വ്യക്‌തമാക്കുന്നത്. ഹരജി ഈ മാസം 18ആം തീയതി ഡെല്‍ഹി ഹൈക്കോടതി പരിഗണിക്കും.
അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന് ബോധവല്‍ക്കരണ സന്ദേശം നല്‍കാനുള്ള അര്‍ഹത ഇല്ലെന്നും, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ശബ്‌ദം സന്ദേശത്തില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിനൊപ്പം തന്നെ അമിതാഭ് ബച്ചന് സര്‍ക്കാര്‍ പണം നല്‍കിയാണ് ബോധവല്‍ക്കരണത്തിന് സഹകരിപ്പിക്കുന്നതെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. നിരവധി പ്രമുഖര്‍ പണം വാങ്ങാതെ തന്നെ ബോധവല്‍ക്കരണ സന്ദേശം നല്‍കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് അമിതാഭ് ബച്ചന് സര്‍ക്കാര്‍ പണം നല്‍കി ബോധവല്‍ക്കരണം നടത്തുന്നതെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ പണം നല്‍കികൊണ്ടുള്ള ശബ്‌ദം വേണ്ടെന്നും രാകേഷ് ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ബദ്വാൻ കൂട്ടബലാൽസംഗ കേസ്; മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ