കോഴിക്കോട് : കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലവിൽ കോവിഡ് ബാധിതരായ അദ്ദേഹത്തിന്റെ മകൾ വീണയും, മരുമകനും ഇവിടെ തന്നെയാണ് ചികിൽസയിൽ കഴിയുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.
രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസം മുൻപാണ് അദ്ദേഹം കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകാനും, പരിശോധന നടത്താനും അദ്ദേഹം അഭ്യർഥിച്ചു.
പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിൽസയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുക. ആവശ്യമായി വന്നാൽ തിരുവനന്തപുരത്ത് നിന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം കോഴിക്കോട് എത്തുകയോ, അല്ലാത്തപക്ഷം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ദിവസമാണ് മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് വീണ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് വീണയുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയും കോവിഡ് ബാധിതനായ വിവരം അറിയുന്നത്.
Read also : കോവിഡ്; ചികിൽസക്ക് ശേഷം സച്ചിൻ ആശുപത്രി വിട്ടു








































